ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സർക്കുലറിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല. വോട്ടെണ്ണുമ്പോൾ ടിഎംസി പ്രതിനിധികളും അവിടെയുണ്ടാകില്ലേയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ അനുമാനം തെറ്റാണ്. സർക്കാർ ജീവനക്കാർക്ക് കുറച്ച് വിശ്വാസ്യത നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ നിയോഗിക്കാത്തത് അനുപാതത്തിന് വിരുദ്ധമെന്ന് തൃണമൂൽ വാദിച്ചെങ്കിലും തെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ഇടപെടാൻ കോടതി തയാറായില്ല.